2013, നവംബർ 4, തിങ്കളാഴ്‌ച

കേരളം പതിഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ



1498 മുതൽ 1583 വരെയുള്ള കാലയളവിൽ പോർച്ചുഗീസുകാർ നമ്മുടെ നാട്ടിൽ അഴിച്ചു വിട്ട പൈശാചികതക്കെതിരെ ആയുധമെടുക്കാനും യുദ്ധ സന്നദ്ധരാകാനും പ്രേരിപ്പിച്ച് കൊണ്ടുള്ള കൃതിയാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) രചിച്ച തുഹ്ഫത്തുൽ മുജാഹിദീൻ- പൊരാളികളുടെ കീർത്തന കാവ്യം- എന്ന ഗ്രന്ഥം.ഒരു പ്രത്യേക കാലഘട്ടത്തിലെ കേരളത്തിന്രെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രം ഈ ഗ്രന്ഥത്തിൽ സംഗ്രഹിക്കപ്പെടുന്നുണ്ട്. സഞ്ചാര സാഹിത്യത്തിന്രെ രസികതയും ചരിത്രത്തിന്റെ സത്യസന്ധതയും ഇണങ്ങിയ ഈ രചന പക്ഷെ നാം വായിക്കാതിരുന്നു കൂടാ.
 
ആധികാരികമായ ആദ്യത്തെ കേരള ചരിത്രമെന്ന് 1963-ൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതിയുടെ അവതാരികയിൽ പ്രൊഫ. ഇളം കുളം കുഞ്ഞൻ പിള്ള വിശേഷിപ്പിച്ചിട്ടുണ്ട്. വളരെ വേഗത്തിൽ ചരിത്ര പണ്ഡിതൻ മാരുടെയും ആധികാരിക സ്ഥപനങ്ങളുടെയും അംഗീകാരം നേടാൻ കഴിഞ്ഞ ഈ മഹത് ഗ്രന്ഥം പ്രത്യേകിച്ചും മുസ് ലിംഗളാൽ വായിക്കപ്പെടാതെ പോകുന്നത് വളരെ ഖേദകരമാണെന്നത് കൊണ്ടാണ് ഇവിടെ ഇങ്ങനെ ഇപ്പോൾ പരിചയപ്പെടുത്തുന്നത്.

കേരള സാഹിത്യ അക്കാദമിയിൽ നിന്ന് വിശിഷ്ട ഗ്രന്ഥങ്ങൾക്കുള്ള പാരിതോഷികം കിട്ടുന്ന രൂപത്തിൽ മലയാളത്തിലേക്ക് ഇത് വിവർത്തനം ചെയ്തത് വേലായുധൻ പണിക്കശ്ശേരി എന്ന ചരിത്ര പണ്ഡിതനാണ്. ഇരുപത്തിയഞ്ചിലധികം ചരിത്ര പ്രാധാന്യമുള്ള ബ്രഹത് ഗ്രന്ഥങ്ങളുടെ കർത്താവായ പണിക്കശ്ശേരി വിവർത്തനത്തിൽ ഈ ഗ്രന്ഥത്തോട് നീതി പുലർത്തുന്നുണ്ടെന്ന് പറയാം.

അക്ബർ ചക്രവർത്തിയുടെ ഭരണകാല (ക്രി.വ. 1555-1600) ത്തിന്റെ മദ്ധ്യത്തിലാണ് ശൈഖ് സൈനുദ്ദീൻ (റ) ഈ ഗ്രന്ഥമെഴുതുന്നത്. ഒരു കേരളീയനായ മത പണ്ഡിതൻ അറബിയിലെഴുതിയ ഗ്രന്ഥമെന്ന നിലയിൽ മഹാനുഭാവന്റെ ചരിത്ര ജ്ഞാനവും ഭാഷാ അവഗാഹവും എത്രത്തോളമായിരുന്നെന്ന് നമുക്ക് മനസ്സിലാക്കാം.
മലയാളത്തിൽ വിവർത്തനം ലഭ്യമായത് മുതൽ കാലിക്കറ്റ്-എം.ജി സർവകലാശാലകളിൽ മലയാളം പി.ജി. തലത്തിലേക്കുള്ള പാഠപുസ്തകമായി ഈ ഗ്രന്ഥത്തെ തെരെഞ്ഞെടുത്തതും വിഷയത്തിന്റെ ആധികാരികതയും നീതിയും ബോധ്യപ്പെടുത്തുന്നതാണ്.

ഇംഗ്ലീഷ്, പേർഷ്യൻ, പോർച്ചുഗീസ്, ലാറ്റിൻ, ഫ്രഞ്ച്, സ്പാനിഷ്, ചെക്ക് എന്നീ വിദേശ ഭാഷകളിലേക്കും ഉർദു, കന്നട, തമിഴ്, ഹിന്ദി എന്നീ ഇന്ത്യൻ ഭാഷകളിലേക്കും പൂർണ്ണമായോ സംക്ഷിപ്തമായോ വിവർത്തനം ചെയ്യപ്പെട്ട ഈ കൃതിയുടെ പ്രാധ്യാന്യം ഉൾക്കൊള്ളാത്തതും പഠിക്കാത്തതും മുസ് ലിംഗളാണെന്നത് നേരു തന്നെ.

ഒരു ആമുഖവും നാലു ഭാഗങ്ങളും ഉൾക്കൊള്ളുന്ന തുഹ് ഫത്തുൽ മുജാഹിദീനിൽ നാലാം ഭാഗം പതിനാലു അദ്ധ്യായങ്ങളായി തരം തിരിച്ചിരിക്കുന്നു.വിശേഷിച്ചും മുസ് ലും ജീവിതസ്വൈരം നഷ്ടപ്പെടുത്തുകയും അക്രമിക്കുകയും ചെയ്ത പറങ്കികൾക്കെതി പടയൊരുക്കത്തിന് തന്നെ പ്രേരിപ്പിച്ച കാരണങ്ങളും നിഷേധങ്ങൾക്കെതിരെ ജിഹാദിൽ ഏർപ്പെടുന്നത് കൊണ്ട് കിട്ടുന്ന ആത്മീയ നേട്ടങ്ങളുമാണ് ആദ്യഭാഗത്തിൽ. രണ്ടാം ഭാഗത്തിൽ കേരളത്തിൽ ഇസ് ലാമിന്റെ ആഗമനത്തെ ക്കുറിച്ചും മൂന്നിൽ മലയാളത്തിലെ ഹൈന്ദവാചാരങ്ങളെയും ഹിന്ദു ഭരണാധിമന്മാരെടെ മുസ് ലിംഗൾക്ക് നേരെയുള്ള പെരുമാറ്റത്തേയും വിശദീകരിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ പകുതിയോളം വരുന്ന മൂന്നു ഭാഗങ്ങൾക്ക് ശേഷം നാലാം ഭാഗത്തിൽ 1498 മുതൽ 1583 വരെ പറങ്കികളുടെ 85 കൊല്ലത്തെ വളരെ ചരിത്ര പ്രധാനമായ പ്രവർത്തനങ്ങളുടെ വിവരണവുമാണ്.

ചരിത്ര ജ്ഞാനം വിപുലമാക്കിയും ഗവേഷണത്തെ ഉദ്ദീപിപ്പിച്ചും മലയാളത്തെയും കേരള ചരിത്രത്തേയും പഠനവിധേയമാക്കാൻ അർഹതപ്പെട്ടവർ മാറി നിൽ ക്കാതെ പാരമ്പര്യ സംരക്ഷണ വഴിയിൽ മുന്നിട്ടു വരേണ്ടതിന്റെ ആവശ്യകതയാണ് ഈ പുസ്തകം വീണ്ടും ദ്യോതിപ്പിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ