2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

ഒടുങ്ങാത്ത മിന്നലാട്ടങ്ങൾ

സ്വപ്ന വസന്ത വല്ലരിയിൽ
നിനയ്ക്കാതെ പെയ്ത് മഴ നീ..
എന്റെയീ പ്രവാസം
മനസ്സിന്റെ മാനം മുട്ടി,
കുതിർന്നു, കുളിരു കോരി നിന്നെ-
ന്നു മിവളുടെ പ്രേയസ്സീ...

പേടിപ്പെടുത്തിയില്ലാകാശപ്പക്ഷി-
യെന്നെ പൊറുതി കേടിലാക്കിയില്ലാ
പുറപ്പാടിന്റെയേകതയും.
അണഞ്ഞു ലയിച്ചാദമ്യതയുടെ കിനാക്കളിൽ,
ചെറുപഴുതു നല്കിയില്ലൊരു സ്മൃതിക്കും.

കടലിനു മീതെപ്പൊന്തിപ്പറന്നു
കട്ടകുത്തി പുകയായ് മേഘങ്ങൾ
പുറത്തുകാണുമാ ഉച്ഛിയിൽ വെച്ചും
തോന്നിയില്ല,
ആഗ്രഹച്ചെപ്പിൽ പറിച്ചു നടപ്പെട്ട
പ്രവാസിയായ് മാറി ഞാനെന്നും,
നാടിന്റെ ഹരിതാഭങ്ങളന്യമെന്നും

വിമാനത്താവളമിറങ്ങി
ജാലകപ്പാളിത്തുറന്നതോ
കറുത്തവട്ട് വെച്ച കുറേ പുള്ളിത്തട്ടം,
ഉറ്റുനോക്കുന്നറബികൾ..!
പിടിച്ചില്ലെനിക്കവിടുത്തെ
ഉദ്യോഗവേഷധാരികളെ.

പിന്നെ വാഹനമേറിയിരുന്നൂ,
അതുമൊറ്റക്ക് പിൻ സീറ്റിൽ.
കൂട്ടിരുന്നാൽ കൂലിവണ്ടിയാകും പോൽ..!
പണ്ടു വയനാട്ടിൽ സല്ക്കാരമുണ്ട ബന്ധം
എന്നെയൊന്നും പറയിപ്പിച്ചില്ല.
എങ്കിലും നിയമങ്ങൾ പുലിവാലാണെന്നത്
ഒന്നുമറിയാത്ത എനിക്കുമറിയാം.

നിരത്തിലെത്തി, അവിടെ
നിലമറന്ന് പായുന്ന വണ്ടികൾ
നുനുത്ത ചുകപ്പാം മിന്നലാട്ടം
കളിപ്പാട്ടലാഘവം കണക്കെ
പടച്ചുണ്ടാക്കിവെച്ച പാലങ്ങളും
അനന്തതയിൽ ഭീകരതമുറ്റിയ മരുഭൂവും,
മിന്നിമിന്നി മറഞ്ഞു ധൃതിയിൽ.

നെറ്റിയിൽ, കണ്ണിൽ എവിടെയെന്നറിയാതെ
തുളച്ചു കയറുന്ന ചൂട്,
അകം തണുപ്പിക്കനെന്ത്രം, മാളുകൾ,
പാർ ക്കുകൾ, പാർക്കിങ്ങ്,
വേറെ വേറിട്ടവയൊന്നുമില്ലനുഭവത്തിൽ

ഇവിടെയൊന്നും മിഴികളുടക്കിയില്ല
വന്യമായധികനേരം.
കാരണം എന്റെ സ്വപ്നങ്ങൾക്ക്
രൂപവും വേഗവുമുണ്ടായിരുന്നില്ല.
അതിനു നിറം പകരാൻ
ആളുണ്ടായതാണെന്റെ വസന്തം.

വാടി വീണ ദലങ്ങൾ
വേർപിരിയും മുമ്പെ പൊട്ടിക്കരഞ്ഞതറിവില്ല.
വീണുകിടന്നും വിഷാദപ്പെട്ടേയിരുന്നില്ല.
നാട്ടിൽ വിരഹമധികം വേദനിപ്പിക്കാതിരുന്നതീ-
വിധിവിലാസമോർത്തായിരുന്നല്ലോ.

വെളുക്കരുതെന്ന്‌ കൊതിച്ച രാത്രങ്ങൾ
പലവട്ടം പുലർന്നപ്പോഴും
ഡ്യൂട്ടിയും മീറ്റിംഗും
കിനാവുകളുടെ ഈണം പിണക്കിയപ്പോഴും
കാത്തിരിപ്പിനേക്കൾ വിരഹമാഹാത്മ്യമോതാൻ
മനം വെമ്പിയോ?

എങ്കിലും താളം പിഴച്ചതില്ലയെന്തെന്നാൽ
അശൂന്യചിന്തകൾക്ക്‌
ഹൃദയം തന്നും
മൂർത്തഭാവങ്ങളിൽ
ശില്പം തീ ർത്തും
തോല്ക്കാതെ പഠിപ്പിച്ചയാൾ
എനിക്ക് കൂട്ടിരിപ്പുണ്ടല്ലോ.

മറപറ്റി നിന്ന മരവിപ്പുകൾ
അകന്നു മറയുന്നതും
സത്യമായ ആവേശത്തിന്റെ
സത്ത് പകരുന്നതും
ഈ പൊരുത്തത്തിന്റെ
ആൾ രൂപമാണെന്ന് എനിന്ന് നന്നായറിയാം.

കണ്ണിമുറിയാതെ തേടിയെത്തിയ
വള്ളിയില്ലാ കിന്നരങ്ങളാൽ
സരസ്സിൽ പറന്ന വർണ്ണക്കടലാസ്
വിരത്തെയകറ്റിയിരുന്നന്ന്.

ഇന്നീ പകലിന്റെ ഏകാന്തത
കാത്തിരുപ്പിന്റെ പ്രഹേളികയേക്കാൾ
മഹത്തരമെന്നത്, പുറമെ
എന്റെയഭിലാഷമൂർച്ച ഒന്നു കൊണ്ട് മാത്രം.

എന്നാലും 
ഇളം വെയിലും തെങ്ങോലയും
ഋതുക്കളാറും വിരുന്ന വരുന്ന കാറ്റും
മഴയും, മഴയിൽ ഗന്ധിയായ് വീശുന്ന മൺചൂരും
പ്രകൃതിയുടെ സംഗീതാത്മക മൂളക്കവും
എന്റെയടുത്ത വീട്ടിലെ മിന്നുമോൾ
വന്നയന്ന് ഉപ്പച്ചിയോടാരാഞ്ഞ മുറ്റവും,
ഒന്നുമിവിടെയില്ലെന്ന
തേങ്ങൽ ബാക്കിയുണ്ട്.

ഈ വിങ്ങലുകളെ നിമഗ്നമാക്കി
വർണ്ണനകളുടെ വരികൾ പലതു പെറ്റു.
അങ്ങനെ ഒന്നു കൂടി പറയട്ടെ,
ഇവിടെ ഇറങ്ങിയ ദിവസമെനിക്ക്
ജീവന്റെയുഷ്ണ വാനം
അർത്ഥം തേടി ഒത്ത് ചേർന്ന ദിനാരംഭം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ