2013 നവംബർ 2, ശനിയാഴ്‌ച

ഈ ചങ്ങലകളെത്ര ഭേദം .!

കുത്തിയിരുപ്പ്
വെരുത്തമേതുമില്ലാതെ 
ഒരേ കാത്തിരുപ്പ്,
ആലോചനയുടേതാകാമത് 
അന്തം വിടലിന്റെയും 

കൂടെക്കൂടെ 
കണ്ടവരെക്കണ്ടാലും 
വേണ്ടാത്തത് വെളുക്കെക്കേട്ടാലും 
ഈയിരുപ്പിനു നീളം കൂടും  

നീളെക്കണ്ണെറിഞ്ഞ് 
കോണ്‍ പിടിച്ച് 
കലർപ്പുകളെ കാണനിഷ്ടപ്പെടാതെ 
അങ്ങനെ സ്വച്ഛന്ദം ..സുഖപ്രദം 

ഞാൻ 
കണ്ണുമിഴിച്ചങ്ങനെയിരിക്കട്ടെ 
കാണുന്നവർ നിങ്ങൾ പറ 
പിരാന്തെന്ന് , അല്ല 
മൂത്ത മൂച്ചി പ്പിരാന്തെന്ന് 

ഓ ,,വയ്യയെനിക്കിനി 
അടിയരവിന്റെ 
പാശം ചുമക്കാൻ 
ഈ ചങ്ങലകളെത്ര ഭേദം .!

2013 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

ശ്രേഷ്ഠം.. മലയാളം...

വാക്കല്ല; വാമൊഴിയായുതിരും
വകഭേദങ്ങളിലക്ഷരാഭ്യാസമല്ല, ഭാഷ.
സാഹിതിയിൽ സ്വച്ഛന്ദ­മലങ്കാര നിബന്ധ
നിഷ്ഠ പുലർത്തിയ പരിഛേദങ്ങളുമല്ല.

മണലിൽ കോറി രൂഢമായുറച്ച
എഴുത്താണിയുടെ മുനമൂർച്ചയും
ഉറച്ച കല്ലിൻ പ്രതലം പ്രാപിച്ച
തലമുറയുടെ പൈതൃകപീഠവുമീ ഭാഷ.

കോലെഴുത്തിൻ താളിയോലയിലും
ഗ്രന്ഥലിപിയായ്‌ ചെമ്പുതകിലും
കുലീന സർഗസ്പർശം സാധിച്ച
അക്ഷയമാണു മലയാള മാതൃഭാഷ

എഴുത്തച്ഛന്റെ ഭാഷപ്പെരുമയിന്ന്‌
വികാരവ്യവഹാരത്തിൽ കൈമാറപ്പെട്ട
ജീവിതവും സംസ്കാരവും പൈതൃകവുമിഴുകി  ലയിച്ച്‌
ഗൃഹാതുരതമുറ്റിയ മധുരമായീ ഭാഷ.

അ​‍ിറവു നേടാൻ മതൃഭാഷ
ആശയ വിനിമയത്തിനു അപരഭാഷ
മലയാളം ഇനി ശ്രേഷ്ഠ ഭാഷ
മരിക്കില്ല, കൊല്ലരുതീ ജീവൽ ഭാഷ.!

2013 ഒക്‌ടോബർ 30, ബുധനാഴ്‌ച

പ്രവാസം

അചിരാകാശത്തിന്റെ അകുടകോണിൽ
കല്ലിച്ച സ്വപ്നങ്ങളും മെല്ലിച്ച്‌ ജീവിതവും
ചാലിച്ച്‌ അകുസുമിതാഗ്രഹങ്ങളാൽ
വാർന്നു വാർന്നു പാർക്കുന്നവൻ.!

അതികൃതാദ്ധ്വാനത്തിന്റെ ചക്രരാത്രങ്ങളിൽ
കൂട്ടിക്കിഴിച്ച യൗവ്വനവും കണ്ട കിനാക്കളും
തോന്നിച്ച
അക്രീതാനിഭവങ്ങളാൽ
പേർത്തും പേർത്തും ഉരുകുന്നവൻ.!

അപവർത്തമാനത്തിന്റെ പെരുത്ത ചിത്രങ്ങളിൽ
അകം പൊള്ളിച്ച തേങ്ങലും
ക്ലാവു പിടിച്ച ഓർമ്മകളും
നിറച്ച്‌
കടുത്ത അതിമാനങ്ങളാൽ
വീ ർത്തു വീ ർത്തു പൊട്ടുന്നവൻ.!

അലകേട്ടോടിപ്പോന്നയെന്റെ
അടർന്ന ഇന്നലെകളിൽ
കൊരുത്ത പ്രതീക്ഷയും
കവർന്ന നൽനാളുകളും
സഹിച്ച്
അഗതവാനിന്റെ മഴക്കാറുകൾക്കായ്
അർപ്പിച്ചുറച്ചു തേടുന്നവൻ.!

ഒടുങ്ങാത്ത മിന്നലാട്ടങ്ങൾ

സ്വപ്ന വസന്ത വല്ലരിയിൽ
നിനയ്ക്കാതെ പെയ്ത് മഴ നീ..
എന്റെയീ പ്രവാസം
മനസ്സിന്റെ മാനം മുട്ടി,
കുതിർന്നു, കുളിരു കോരി നിന്നെ-
ന്നു മിവളുടെ പ്രേയസ്സീ...

പേടിപ്പെടുത്തിയില്ലാകാശപ്പക്ഷി-
യെന്നെ പൊറുതി കേടിലാക്കിയില്ലാ
പുറപ്പാടിന്റെയേകതയും.
അണഞ്ഞു ലയിച്ചാദമ്യതയുടെ കിനാക്കളിൽ,
ചെറുപഴുതു നല്കിയില്ലൊരു സ്മൃതിക്കും.

കടലിനു മീതെപ്പൊന്തിപ്പറന്നു
കട്ടകുത്തി പുകയായ് മേഘങ്ങൾ
പുറത്തുകാണുമാ ഉച്ഛിയിൽ വെച്ചും
തോന്നിയില്ല,
ആഗ്രഹച്ചെപ്പിൽ പറിച്ചു നടപ്പെട്ട
പ്രവാസിയായ് മാറി ഞാനെന്നും,
നാടിന്റെ ഹരിതാഭങ്ങളന്യമെന്നും

വിമാനത്താവളമിറങ്ങി
ജാലകപ്പാളിത്തുറന്നതോ
കറുത്തവട്ട് വെച്ച കുറേ പുള്ളിത്തട്ടം,
ഉറ്റുനോക്കുന്നറബികൾ..!
പിടിച്ചില്ലെനിക്കവിടുത്തെ
ഉദ്യോഗവേഷധാരികളെ.

പിന്നെ വാഹനമേറിയിരുന്നൂ,
അതുമൊറ്റക്ക് പിൻ സീറ്റിൽ.
കൂട്ടിരുന്നാൽ കൂലിവണ്ടിയാകും പോൽ..!
പണ്ടു വയനാട്ടിൽ സല്ക്കാരമുണ്ട ബന്ധം
എന്നെയൊന്നും പറയിപ്പിച്ചില്ല.
എങ്കിലും നിയമങ്ങൾ പുലിവാലാണെന്നത്
ഒന്നുമറിയാത്ത എനിക്കുമറിയാം.

നിരത്തിലെത്തി, അവിടെ
നിലമറന്ന് പായുന്ന വണ്ടികൾ
നുനുത്ത ചുകപ്പാം മിന്നലാട്ടം
കളിപ്പാട്ടലാഘവം കണക്കെ
പടച്ചുണ്ടാക്കിവെച്ച പാലങ്ങളും
അനന്തതയിൽ ഭീകരതമുറ്റിയ മരുഭൂവും,
മിന്നിമിന്നി മറഞ്ഞു ധൃതിയിൽ.

നെറ്റിയിൽ, കണ്ണിൽ എവിടെയെന്നറിയാതെ
തുളച്ചു കയറുന്ന ചൂട്,
അകം തണുപ്പിക്കനെന്ത്രം, മാളുകൾ,
പാർ ക്കുകൾ, പാർക്കിങ്ങ്,
വേറെ വേറിട്ടവയൊന്നുമില്ലനുഭവത്തിൽ

ഇവിടെയൊന്നും മിഴികളുടക്കിയില്ല
വന്യമായധികനേരം.
കാരണം എന്റെ സ്വപ്നങ്ങൾക്ക്
രൂപവും വേഗവുമുണ്ടായിരുന്നില്ല.
അതിനു നിറം പകരാൻ
ആളുണ്ടായതാണെന്റെ വസന്തം.

വാടി വീണ ദലങ്ങൾ
വേർപിരിയും മുമ്പെ പൊട്ടിക്കരഞ്ഞതറിവില്ല.
വീണുകിടന്നും വിഷാദപ്പെട്ടേയിരുന്നില്ല.
നാട്ടിൽ വിരഹമധികം വേദനിപ്പിക്കാതിരുന്നതീ-
വിധിവിലാസമോർത്തായിരുന്നല്ലോ.

വെളുക്കരുതെന്ന്‌ കൊതിച്ച രാത്രങ്ങൾ
പലവട്ടം പുലർന്നപ്പോഴും
ഡ്യൂട്ടിയും മീറ്റിംഗും
കിനാവുകളുടെ ഈണം പിണക്കിയപ്പോഴും
കാത്തിരിപ്പിനേക്കൾ വിരഹമാഹാത്മ്യമോതാൻ
മനം വെമ്പിയോ?

എങ്കിലും താളം പിഴച്ചതില്ലയെന്തെന്നാൽ
അശൂന്യചിന്തകൾക്ക്‌
ഹൃദയം തന്നും
മൂർത്തഭാവങ്ങളിൽ
ശില്പം തീ ർത്തും
തോല്ക്കാതെ പഠിപ്പിച്ചയാൾ
എനിക്ക് കൂട്ടിരിപ്പുണ്ടല്ലോ.

മറപറ്റി നിന്ന മരവിപ്പുകൾ
അകന്നു മറയുന്നതും
സത്യമായ ആവേശത്തിന്റെ
സത്ത് പകരുന്നതും
ഈ പൊരുത്തത്തിന്റെ
ആൾ രൂപമാണെന്ന് എനിന്ന് നന്നായറിയാം.

കണ്ണിമുറിയാതെ തേടിയെത്തിയ
വള്ളിയില്ലാ കിന്നരങ്ങളാൽ
സരസ്സിൽ പറന്ന വർണ്ണക്കടലാസ്
വിരത്തെയകറ്റിയിരുന്നന്ന്.

ഇന്നീ പകലിന്റെ ഏകാന്തത
കാത്തിരുപ്പിന്റെ പ്രഹേളികയേക്കാൾ
മഹത്തരമെന്നത്, പുറമെ
എന്റെയഭിലാഷമൂർച്ച ഒന്നു കൊണ്ട് മാത്രം.

എന്നാലും 
ഇളം വെയിലും തെങ്ങോലയും
ഋതുക്കളാറും വിരുന്ന വരുന്ന കാറ്റും
മഴയും, മഴയിൽ ഗന്ധിയായ് വീശുന്ന മൺചൂരും
പ്രകൃതിയുടെ സംഗീതാത്മക മൂളക്കവും
എന്റെയടുത്ത വീട്ടിലെ മിന്നുമോൾ
വന്നയന്ന് ഉപ്പച്ചിയോടാരാഞ്ഞ മുറ്റവും,
ഒന്നുമിവിടെയില്ലെന്ന
തേങ്ങൽ ബാക്കിയുണ്ട്.

ഈ വിങ്ങലുകളെ നിമഗ്നമാക്കി
വർണ്ണനകളുടെ വരികൾ പലതു പെറ്റു.
അങ്ങനെ ഒന്നു കൂടി പറയട്ടെ,
ഇവിടെ ഇറങ്ങിയ ദിവസമെനിക്ക്
ജീവന്റെയുഷ്ണ വാനം
അർത്ഥം തേടി ഒത്ത് ചേർന്ന ദിനാരംഭം.


ഒരു നേരം രണ്ടു ​വിധം


നാട്ടിൽ നട്ടു കൊയ്തോ,
മോളിൽ നിന്നു പെയ്തോ,
‘കുറെ നേരം’ കരുതി വെച്ചവർ
ചരിത്രത്തിലില്ല.!

നേരെത്തോട് നേരം
നുനുനുനുത്തെത്തുന്ന,
നേരിയ നടുക്കങ്ങൾ
നേടിയവരെക്കുറിച്ചോർമ്മിപ്പിച്ചു.

നേരെത്തെയാലോചിച്ച്
നേരം കളയാതെ നടന്നവർ
നേർവഴിതേടി, നേര് തേടി
നിർവൃതി പൂകീ..

എന്നിട്ടും,
നിനച്ചിരിക്കാതെ നുരയുന്ന
നെരിപ്പൊടിന്റെ, നരച്ച
വിഹാരങ്ങളിൽ വിരചിച്ച
വിചാരങ്ങൾ, എന്നെ
ഒന്നിനും നേരമില്ലാത്തവനാക്കി.!

പുറം ചട്ട

ധിഷണ കാണിക്കാനെന്ന മാതിരി
കൂട്ടണം(+) കുറയ്ക്കണം (-) ചിഹ്നങ്ങൾ
സമം(=) ചേർന്നൊരു കോണിൽ,
അനക്കമില്ലെങ്കിലും അടക്കിവാഴുന്ന
ഭൂഗോളമപ്പുറത്ത്‌,

അരികിൽ
തിളച്ചുമറിഞ്ഞാപതയിൽ
മുങ്ങിയിഴുകിയ കഞ്ഞിക്കലം

പിന്നെ കുറെ പ്രാസനിബന്ധ വരികളും
ഒരു പേനയും

ഒടുവിൽ
ചട്ടഭേദിച്ചൊരു കുതികി
പുറമെ കണ്ട നിശ്ചല ചാരുതയുടെ
തിളങ്ങുന്ന വകഭേദം.

വെറുതെ നീ..


അനുരാഗക്കതിരുകളാൽ
ഉർവ്വരമായുതിരുന്ന
സ്നേഹവായ്പിന്റെ
നൽനിമിഷങ്ങൾ തന്ന നീ

തണുത്ത സാനുകൂ പങ്ങൾ
ഉടുത്തണിഞ്ഞ
കുളിരിന്റെ, കുന്നോളം
കൊതിയും കോറലും പകർന്ന നീ

തുളുമ്പിയൊഴുകുമനുഭൂതിയുടെ
ഒരണച്ചുകൂട്ടലി ൽ
കുമിഞ്ഞ നിർവൃതി യെ
ആകാശമേ റ്റി യ വിഹാരി നീ,

നിന്നെപ്പുണർന്ന
വെളിച്ചത്തിന്റെ വെട്ടത്തും
കിനാ വിന്റെ കടും കൂട്ടുകളെ
കൂട്ടാളിയായ്‌ ചൊരിഞ്ഞ നീ,

ഒറ്റയ്ക്കീ വിരഹമുറ്റത്ത്‌
നഷ്ട്‌ സ്വപ്നങ്ങളെ മൺതട്ടി
വെറുതെ, വെറുതെയങ്ങനെ
ഓർത്തെടുക്കാൻ വെറുതെ നീ...